പ്രാദേശിക തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇടത്പക്ഷത്തോടപ്പം..? 

Add caption


 

തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റ ഭാവി ഭാഗധേയം നിർണ്ണയിക്കുന്നതിന് സുപ്രധാനസ്ഥാനമുണ്ട്. കാരണം കാൽനൂറ്റാണ്ടുകാലത്തെ അനുഭവങ്ങൾ വിലയിരുത്തിക്കൊണ്ട് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തേണ്ടിയിരിക്കുന്നു.


കേരളത്തിൻ്റെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇടതുപക്ഷമാണ് എക്കാലത്തും അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നിലകൊണ്ടിട്ടുളളത്. ഒരർത്ഥത്തില്‍ 1957ല്‍ പ്രഥമ കമ്മ്യൂണിസ്റ്റു മന്ത്രിസഭ തുടങ്ങിവെച്ചതും വിമോചനസമരം അട്ടിമറിച്ചതുമായ ഒരാദർശത്തിൻ്റെ സാക്ഷാത്കാരമായിരുന്നു ജനകീയാസൂത്രണം. ഇടതുപക്ഷം കേരളം ഭരിച്ചപ്പോഴെല്ലാം അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ഭരണപരിഷ്കാര പരിശ്രമങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് കേവലം ഭരണപരിഷ്കാരമായി കാണാതെ ഒരു സാമൂഹ്യ പ്രസ്ഥാനമായി അധികാരവികേന്ദ്രീകരണത്തെ സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനകീയാസൂത്രണത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ അധികാരവികേന്ദ്രീകരണത്തിനുളള രാഷ്ട്രീയ ഇച്ഛ സംസ്ഥാനത്തു സൃഷ്ടിച്ചു.


ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാരമ്പര്യമാണ് കേരളത്തിലെ വലതുപക്ഷ ശക്തികൾക്കുളളത്. 1962 മുതല്‍ 1979 വരെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താതിരുന്നതും 1984ല്‍ പഞ്ചായത്ത് ഭരണസമിതികള്‍ പിരിച്ചുവിട്ട് 1987 വരെ ഉദ്യോഗസ്ഥഭരണം ഏർപ്പെടുത്തിയതും 1991ല്‍ ജില്ലാ കൗൺസിലുകളെ പിരിച്ചുവിട്ടതും 2001ല്‍ ജനകീയാസൂത്രണം അട്ടിമറിച്ച് കേരള വികസനപദ്ധതി കൊണ്ടുവന്നതുമൊന്നും കേരളത്തിനു മറക്കാനാവില്ല. ജനകീയാസൂത്രണത്തിലെ ആദർശങ്ങളും പുതിയ ശൈലികളും വ്യവസ്ഥാപിതമാക്കുംമുമ്പ് പ്രസ്ഥാനത്തെ ഇല്ലാതാക്കിയത് അപരിഹാര്യമായ നഷ്ടമാണ് അധികാരവികേന്ദ്രീകരണത്തില്‍ സൃഷ്ടിച്ചത്.


നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാര്‍ മിഷനുകള്‍ വഴി തദ്ദേശഭരണ സ്ഥാപനങ്ങൾക്കു  നൽകിയ പിന്തുണ വിസ്മയകരമായ നേട്ടങ്ങളാണ് സൃഷ്ടിച്ചത്. 


കോവിഡ് പ്രതിരോധത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെപങ്ക് ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നുണ്ട്. പൊതു ആരോഗ്യ സംവിധാ ഉപയോഗിക്കുന്ന ജനങ്ങളുടെ എണ്ണം 38 ശതമാനമായിരുന്നത് 2018-19 ൽ 48 ശതമാനമായി ഉയർന്നു. ശിശുമരണ നിരക്ക് 15 ൽ നിന്നും 7 ആയി താഴ്ന്നു.


പൊതു വിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ എണ്ണം വീണ്ടും ഉയർന്നു തുടങ്ങി. കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ആറുലക്ഷത്തിലേറെ കുട്ടികൾ അൺഎയ്ഡഡ് മേഖലയിൽ നിന്നും പൊതു വിദ്യാഭ്യാസത്തിലേയ്ക്ക് റ്റിസി വാങ്ങി തിരിച്ചു വന്നിട്ടുണ്ടെന്നാണ് എന്റെ കണക്കുകൂട്ടൽ. നീതി ആയോഗിന്റെ 2019 ന്റെ ക്വാളിറ്റി ഇൻഡക്സിൽ കേരളമാണ് ഒന്നാംസ്ഥാനത്ത്.


മുഖ്യമന്ത്രിയുടെ റോഡ് നിർമ്മാണ പദ്ധതിയും പ്രളയപുനർനിർമ്മാണ പദ്ധതികളും ചേർന്നപ്പോൾ പ്രാദേശിക റോഡുകളുടെ ഗുണനിലവാരത്തിൽ അനുഭവവേദ്യമായ ഒരു മാറ്റമുണ്ടായി. ലൈഫ് മിഷൻ വഴി 2.5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. അത്ര തന്നെ പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.


കുടുംബശ്രീ അംഗങ്ങളിൽ 5 ലക്ഷം പേരുടെ വർദ്ധനവുണ്ടായി. ബാങ്ക് ലിങ്കേജ് 6000 കോടി ആയിരുന്നത് ഇന്നിപ്പോൾ 11000 കോടി രൂപയായി. ലാപ്ടോപ്പിനു വേണ്ടിയുള്ള അഡ്വാൻസുംകൂടി കണക്കിലെടുക്കുകയാണെങ്കിൽ ഇത് 13000 കോടിയായെങ്കിലും ഉയരും.


മുഴുവൻ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടി. അവരുടെ സേവനങ്ങൾ സമ്പൂർണ്ണമായി ഓൺലൈനിൽ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു.


തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള മൊത്തം ധനസഹായം 2015-16 ൽ 7679 കോടി രൂപയായിരുന്നത് 2020-21 ൽ 12074 കോടി രൂപയായി ഉയർന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് പദ്ധതി, റീബിൽഡ് കേരളയിൽ നിന്നുള്ള പ്രളയപുനർനിർമ്മാണം ഇവ രണ്ടും ചേർത്താൽ മൊത്തം ധനസഹായം 14,000 കോടി രൂപ വരും. യുഡിഎഫ് കാലത്തെ അപേക്ഷിച്ച് 30 ശതമാനം ഫണ്ട് സ്പിൽ ഓവറായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. നടപ്പുവർഷം യാതൊരുവിധ നിയന്ത്രണങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു പണം ചെലവഴിക്കുന്നതിന് ഏർപ്പെടുത്തുകയുണ്ടായില്ല.


പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന് ഇതിനേക്കാൾ കൂടുതൽ കാരണങ്ങൾ വേണ്ടതുണ്ടോ?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌